നമ്മൾ വീണ്ടും ആറാടുകയാണ്
-Girish Sasankasekhar
ഏകദേശം ഒരു 2 വർഷം ആയി കാണും. കൃത്യമായി പറഞ്ഞാൽ നമ്മുടെ ഇറ്റലിയിലെ അച്ചായൻ കേരളത്തിൽ വന്ന സമയം. ഒടിയൻ’നു കഞ്ഞി കൊടുത്ത കേരളം പുച്ഛത്തോടെ പറഞ്ഞു ” ഓ..നമ്മൾ ഇതൊക്കെ എത്ര കണ്ടതാ നിപ്പ , പ്രളയം, പൾസർ….. പിന്നല്ല ! ടീച്ചറമ്മ അച്ചായനെ പൂട്ടിയാൽ പിന്നെ എന്ത് കോവിഡ്.. നാട്ടിൽ ഇറങ്ങിയ പുലിയെ പോലെ അച്ചായനെ പിടിച്ചു അങ്ങ് പൂട്ടി. ശ്വാസം മുട്ടിയ പ്രതികാരദാഹി ആയ കോവിഡ് , സടകുടഞ്ഞു പല രൂപത്തിൽ, പല ഭാവത്തിൽ ഉണർന്നു. കേരളത്തിൽ മാത്രമല്ല, ഈ ലോകം മുഴുവൻ കീഴടക്കാൻ തുടങ്ങിയ ആറാട്ട്.
പക്ഷെ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കോവിഡ് നമ്മളെ തേടി വന്നതാണോ, അതോ നമ്മൾ തന്നെ ക്ഷണിച്ചു വരുത്തിയതോ? ഒരു വശത്തു കോവിഡ് നമ്മുടെ ഉറ്റവരെ എടുക്കുമ്പോൾ , മറു വശത്തു ബെറ്റിയിട്ട ബാഴത്തണ്ടു കണ്ടു നമ്മൾ ചിരിച്ചു കൊണ്ടേ ഇരിന്നു . അതിൽ ചിലർ അഹങ്കാരത്തോടെ ചിരിച്ചു, ചിലർ പുച്ഛത്തോടെ..മറ്റു ചിലർ ഇതിൽ ഒളിച്ചിരുന്ന വ്യവസായം കണ്ടു. സിനിമകളെ വിഴുങ്ങുന്ന ഓ.ടി.ടി കച്ചവടം, മുഖസംരക്ഷണം നോക്കാതെ നടന്നവരെ അതിശയിപ്പിച്ച ത്രിവർണ മാസ്കുകൾ, , അങ്ങനെ പലതും നമ്മൾ കണ്ടു. സത്യമാണ്, നമ്മൾ അതിജീവിക്കാൻ പഠിച്ചു. പക്ഷെ , അതൊക്കെ നമുക്കു തന്ന തിരിച്ചറിവിൽ നിന്നാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അമേരിക്കയിലെ മാഡം മസാല ദോശ കഴിച്ചു പുകഴ്ത്തിയ നമ്മൾ , അവർ ഇപ്പോ ഒരു ഇഡലി എങ്കിലും കഴിക്കുന്നോ എന്ന് അനേഷിക്കുന്നുണ്ടോ? അതിനൊക്കെ എവിടെയാ സമയം, നാട് ഓടുമ്പോൾ നടുവേ ഓടണ്ടേ.. നമുക്കു പലപ്പോഴും ഒന്നിനും സമയം കിട്ടാറില്ല . പക്ഷെ ഒരു നിമിഷം തിരിന്നു നോക്കി ഒന്നു അനേഷിച്ചാൽ , ഈ വിലപ്പെട്ട സമയം കോവിഡ് നമുക്കു തന്ന ഒരു ഇളവ് അല്ലെ ?നമ്മൾ പണ്ട് അറിഞ്ഞോ അറിയാതേയോ ചെയ്ത ചില നല്ല കാര്യങ്ങൾ കണ്ട് , ഈശ്വരൻ ഈ ലോകത്തു ജീവിക്കാൻ നീട്ടിയ സമയം.
“ഈശ്വരൻ നിൻറ്റെ മുന്നിൽ വിളക്കായി തെളിയുമ്പോൾ അതിൻറ്റെ നേർക്കു നീ തുപ്പരുത്”. ഇത് ഞാൻ പറഞ്ഞതല്ല. പണ്ട് ഏതോ സിനിമയിൽ വിവരം ഉള്ള ഒരു കഥാകൃത്തു നമുക്കു തന്ന വിലപ്പെട്ട ഒരു സന്ദേശം. പക്ഷെ ഇതൊക്കെ കേൾക്കാൻ നമുക്കു എവിടെയാ സമയം. ഈ ഉലകം നമ്മളെ ഇന്നും പരീക്ഷിക്കുമ്പോൾ, നമ്മൾ ഇപ്പോഴും ആറാടുകയല്ലേ ? പരസ്പരം നെഞ്ചത്ത് ചവിട്ടി ആർത്തുചിരിച്ചു , നമ്മൾ വീണ്ടും ആറാടുകയാണ്. !